
സഖാവ് വർഗ്ഗീസ് കേസ് : സർക്കാർ സത്യവാങ്ങ്മൂലം തിരുത്തണം


സഖാവ് വർഗ്ഗീസ് കേസ് :
സർക്കാർ സത്യവാങ്ങ്മൂലം തിരുത്തണം
സഖാവ് വർഗ്ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് ചിത്രീകരിച്ചു കൊണ്ടും യഥാർത്ഥത്തിൽ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ആണയിട്ടുകൊണ്ടും കേരള സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്ങ്മൂലം സത്യവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
സഖാവ് വർഗ്ഗീസിനെ ഏറ്റുമുട്ടലിലല്ല വധിച്ചതെന്നും പിടികൂടി ബന്ധനസ്ഥനാക്കിയാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്നും സിബിഐ കോടതി വിധിയിലൂടെ വ്യക്തമാക്കുകയും അത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരി വക്കുകയും ചെയ്തിട്ടുണ്ട്. സഖാവ് വർഗ്ഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി സി.എച്ച്.മുഹമ്മദ് കോയ നടത്തിയ നിയമസഭയിലെ പ്രസ്താവനക്കെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് സ. ഇ.എം.എസ് പ്രതിഷേധിച്ചു. ജാമ്യം കിട്ടിയെന്ന് നുണ പറഞ്ഞ് പാടിക്കുന്ന് സമര സഖാക്കളെ ജയിലിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവുമായി സ. വർഗ്ഗീസിന്റെ കൊലയെ താരതമ്യം ചെയ്തു കൊണ്ട് സ.ഇ.എം.എസ് ശക്തമായി തിരിച്ചടിച്ചു.
വയനാട്ടിൽ അടിമക്കച്ചവടം അവസാനിപ്പിക്കാനും ആദിവാസികൾക്ക് കളളപ്പറയിലും ചെറുനാഴിയിലും കൂലിയളന്ന് തട്ടിക്കുന്നതിനെതിരായും കൂലി നാണയ രൂപത്തിൽ കിട്ടുന്നതിനു വേണ്ടിയുമുള്ള ചരിത്രം സൃഷ്ടിച്ച സമരങ്ങളുടെ വിപ്ലവനായകനാണ് സഖാവ്-വർഗ്ഗീസ്.. ആദിവാസികളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി പൊരുതി രക്തസാക്ഷിയായ സഖാവ് വർഗ്ഗീസിനെ കൊള്ളക്കാരനും കൊലയാളിയുമായി ചിത്രീകരിക്കുന്ന സർക്കാർ സത്യവാങ്ങ്മൂലം ചരിത്ര നിഷേധവും ജനാധിപത്യ മൂല്യങ്ങൾക്ക് എതിരുമാണ്.
കോടതി വിധിയിലൂടെ തെളിയിക്കപ്പെട്ട വസ്തുതാപരമായ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് അതിനു വിരുദ്ധമായ മേൽപ്പറഞ്ഞസത്യവാങ്ങ്മൂലം സർക്കാർ തിരുത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
Comment